എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
ദൈവമേ... ഓർമ്മയുടെ വിത്തുകൾ മണ്ണിലായിരം ചൂണ്ടു വിരലുകളായി മുളക്കുന്നു...

20 നവംബർ 2010

അന്വേഷണം







പുലര്‍ച്ചെ
എന്‍റെ സ്വപ്നത്തില്‍
മുടി കഴുകി
പുറപ്പെട്ടവളാണ്.
ചില തുലാവര്‍ഷരാത്രികളിലെ
രണ്ടിടിമുഴക്കങ്ങള്‍ക്കിടയിലെ
മൌനം
അവളുടെതാണ്.
വേനലില്‍
മുഖം ചുളിക്കുന്ന
ഭൂമിയുടെ വിഷാദം
അവളുടെതാണ്.
ഞങ്ങളുടെ 
വിരഹത്തെയാണ് നിങ്ങള്‍
മഞ്ഞുകാലമെന്നു വിളിച്ചത്.
അങ്ങനെയാണ് ഞാന്‍
ഋതുക്കളില്‍ അലയുന്നവനായത്,
സന്ധ്യ
എന്‍റെ പരാജപ്പെട്ട
ആത്മഹത്യാ ശ്രമമാണ്.
തിരിചെടുക്കെണ്ടതുണ്ട്,
രക്തത്തിന് 
വൈലെറ്റ് നിറം പകരുന്ന
ഞങ്ങളുടെ രാത്രികള്‍,
എന്നില്‍ നിന്നെന്നിലേക്കുള്ള
യാത്രകളുടെ രഹസ്യ ഭൂപടമായ
അവളുടെ കൈരേഖകള്‍.
തിരിച്ച് പോവേണ്ടതുണ്ട്.
എത്രമേല്‍ അകലെയാണെങ്കിലും
അവളിലെക്കെത്താനെനിക്കുണ്ട്
ആയിരമായിരം ഒറ്റയടിപ്പാതകള്‍.
ഞങ്ങള്‍ക്ക്
തിരിച്ച് പോവേണ്ടതുണ്ട്.



25 ഒക്‌ടോബർ 2010

പ്രതിബിംബം












നിന്നെ പൊതിഞ്ഞിരിക്കുന്ന
മാലാഖയുടെ വെളുത്ത 
തൂവലുകള്‍ പൊഴിക്കനായി
നീ
കുതറുന്ന പോലെയാണ്
എന്നെ
പൊതിഞ്ഞിരിക്കുന്ന
ചെകുത്താന്റെ കറുത്ത 
കുപ്പായമൂരാന്‍
ഞാനും കുതറുന്നത്.
നീ 
എന്നെയനുകരിക്കുന്നതായ്
എനിക്കും,
ഞാന്‍
നിന്നെയനുകരിക്കുന്നതായ്
നിനക്കും
തോന്നുന്നതതുകൊണ്ടാണ്.
നെറ്റി ചുളിക്കരുത്,
മുഖം ചുവക്കരുത്.
ഉടഞ്ഞു ചിതറിയേക്കാം,
കണ്ണാടി,
ഞാന്‍,
നീ.

10 സെപ്റ്റംബർ 2010

ഒരു മൃഗീയ വിചാരണയിലെ പ്രസക്തഭാഗങ്ങള്‍...
















അവള്‍ പറയുന്നു,
ഇരുട്ടിലെനിക്ക് തിളങ്ങുന്ന
കടുവക്കണ്ണുകളെന്ന്.
മുലകളിലെ തിണര്‍പ്പ്
പുലി നഖപ്പാടുകളെന്ന്.
പിന്‍ കഴുത്തില്‍ തുടങ്ങി
നട്ടെല്ലിലൂടിഴയുന്നത്‌ 
കോമ്പല്ലിന്‍റെ തണുപ്പാണെന്ന്.
ചില തെളിവുകള്‍,
തലച്ചോറില്‍ മുളക്കുന്ന
പൊടിവാല്‍.
അന്തോം കുന്തോമില്ലാതെ 
ഉദ്ധരിക്കുന്ന ലിംഗം.
ചില മുരള്‍ച്ചകള്‍.
ഒറ്റമുറിയിലെ ചുറ്റിനടത്തം.
ഞാന്‍
പൂര്‍ണ്ണനായ മൃഗമാണ്‌. 
എന്നിട്ടെന്തേ,
അവന്‍ അകത്തും
ഞാന്‍ പുറത്തുമായത്?

01 സെപ്റ്റംബർ 2010

ചില കുറിപ്പുകള്‍




ദൈവം
പ്ഭ!

ചെകുത്താന്‍ 
ചിരി...

വേശ്യ
പുലയാടികളെ
എന്‍റെ മുലക്കണ്ണുകള്‍ക്ക്
കാഴ്ചയുണ്ടായിരുന്നെങ്കില്‍
നിങ്ങളെന്തു ചെയ്യുമായിരുന്നു?

കള്ളന്‍
എന്തേ നിങ്ങളെന്‍റെ
വിശപ്പ്‌ കട്ടെടുത്തില്ല?
പകരം വീട്ടിയില്ല?

സുഹൃത്ത്‌
വില്‍ക്കാനുണ്ടോ?
നിന്‍റെ കവിതയില്‍
വരികള്‍ക്കിടയില്‍
വാക്കുകള്‍ക്കിടയില്‍
ഒരു തുണ്ട്?

ഓര്‍മ
ഞാന്‍ എന്‍റെതെന്നും
അവര്‍ അവരുടേതെന്നും
അവകാശപ്പെടുന്ന
തര്‍ക്ക പ്രദേശം.

പ്രണയം
എനിക്കും നിനക്കുമിടയിലെ
നേര്‍ത്ത റബ്ബര്‍ മറയെ
വിശ്വസിച്ച്
നമ്മള്‍ നടത്തുന്നൊരു
ഞാണിന്മേല്‍ക്കളി.

കവി
മുറുക്കി തുപ്പിയ പോലെ
എന്‍റെ കവിത
നിന്‍റെ മുഖത്ത്.

23 ഓഗസ്റ്റ് 2010

നിനക്ക്














ഞാന്‍
നിന്‍റെ പ്രണയത്തിന്‍റെ
മ്യൂസിയമാണ്.
ഒരിക്കല്‍
മൌനികളായ ഇണകള്‍
വിരല്‍ കോര്‍ത്ത്‌ വരുന്നയിടം.
ഇവിടെ 
പാട്ടും നിലാവും രാത്രിയും
ചരിത്രം പറയും.
കവിത പേടികളെ
പുതപ്പിച്ചു കിടത്തുന്നത് കാണും.
ചുമര്‍ ചിത്രത്തിലെ 
എന്‍റെ കണ്ണുകളില്‍ 
നിന്‍റെ കണ്ണുകള്‍ കാണും.
നമ്മള്‍ വിരല്‍ കോര്‍ത്ത്‌
കണ്ട ഋതുക്കള്‍,
നനഞ്ഞ മഴകള്‍,
കണ്ടു നെടുവീര്‍പ്പിടും.
എന്നില്‍ നിന്ന് 
നിന്നിലേക്ക്‌ നീളുന്ന
വേദനയുടെ ചുവന്ന രേഖകള്‍
കണ്ട് വിതുമ്പും.
നമ്മുടെ കണ്ണീരില്‍ 
മുങ്ങി നിവര്‍ന്ന്
പാപമില്ലത്തവരാവും.
നമ്മുടെ
ഉറങ്ങാത്ത രാത്രികളിലെ
സ്വപ്നങ്ങളിലേക്ക്
ഈയാം പാറ്റകളെപ്പോലെ
പറന്നു വരും.
നമ്മുടെ
ഒഴുക്ക് തീരുന്നിടത്ത്
മീനുകളെപോലെ 
തുറന്ന വായുമായി പിടയും.
നമ്മള്‍
മരിച്ച തീയതിക്ക് താഴെ
സ്വന്തം പേരുകള്‍
കോറിയിടും.
മടക്കത്തില്‍ അവര്‍
പിറുപിറുക്കും.
"എത്ര ഭ്രാന്തമായാണ് അവര്‍!
എത്ര ഭ്രാന്തമായാണ് അവര്‍!
എത്ര ഭ്രാന്തമായാണ് അവര്‍!"

22 ഓഗസ്റ്റ് 2010

ചുവന്ന ചിഹ്നങ്ങള്‍





വാരി വിതറുന്നു
ചുവന്ന വാകയുടെ വിത്തുകള്‍
എന്‍റെ പലായനത്തിന്റെ
ചിഹ്നങ്ങള്‍,
നിന്‍റെ മടക്കതിന്റെ
വഴിയടയാളങ്ങള്‍.
എനിക്ക് പുറകെയീവഴി
തെളിക്കപ്പെട്ടിട്ടുണ്ടാവും
ആയിരം അറവുമാടുകള്‍.
മാഞ്ഞിരിക്കും നീയറിയുന്ന
എന്‍റെ കാല്പാടുകള്‍.
കൊടും കാറ്റുകളില്‍
വേരിറുക്കി,
ഓരോ ഇലയും
പൂവായി,
വാകയുണ്ടാവും,
നിനക്ക്,
വഴികാട്ടി.

പാടുകള്‍















തടവറയില്‍ നിന്നെഴുതിയ
കവിതയില്‍
മൂത്രം മണക്കുന്നെകില്‍
നീ
മൂക്ക് ചുളിക്കരുത്.
നീ ഒളിച്ചിരിക്കുന്ന
ഇരുട്ടുമൂലയാണ്
ഞങ്ങളുടെ മൂത്രപ്പുര.
ചുമരിലെ അമൂര്‍ത്തചിത്രം കണ്ട്
വാ പൊളിക്കരുത്.
മായാന്‍ മടിച്ചു നില്‍ക്കുന്ന
ബൂട്ടിലെ രക്തക്കറയാണ്.
നീ കാണാത്ത 
അതുപോലൊന്ന്
എന്‍റെ നെഞ്ഞിലും
കവിതയിലുമുണ്ട്.

വില്പനയ്ക്ക്
















ചില ഓര്‍മ്മകളുണ്ട്‌
വില്പനയ്ക്ക്.


വയസ്സറിയിച്ച
ആരും തൊടാത്ത 
ഓര്‍മ്മകള്‍.
ഒന്നിച്ചെടുത്താല്‍
ഒരു താക്കോല്‍ പഴുത്‌
സൗജന്യം.

കനു സന്യാലിന്
















നോക്കൂ
നനവുനങ്ങാത്ത
ഇളകികിടക്കുന്ന
മണ്ണിനടിയിലാണ് ഞാന്‍.
എല്ലാം പെട്ടെന്നായിരുന്നത് കൊണ്ട്
ആറടി താഴ്ച്ചയുണ്ടാവില്ല.
ആദ്യത്തെ പുഴു 
ഇടതു ചെവിയിലൂടെ 
തലച്ചോറിലേക്ക് ഇഴയുന്നു.
നോക്കൂ
കാല്പനികനായൊരു 
പോലീസുകാരന്‍ 
തലക്കല്‍ തറച്ചിട്ട
മരകുരിശിലുണ്ട്
ഒരു പൊടിപ്പ്.
നാളെ പച്ചയും
പിന്നെ ചുവപ്പുമായെക്കാവുന്ന
ഒരു പൊടിപ്പ്.

ഉടമ്പടി
















ദൈവവും ചെകുത്താനും 
ചേര്‍ന്ന് ഒപ്പിട്ട 
ഉടമ്പടിയിലെ മൂന്നാംവരി 
നിന്നെ 
പങ്കുവക്കാന്‍ ഉള്ളതാണ്.
അരയിലൂടെ 
വിലങ്ങനെയല്ല,
തലമുതല്‍ 
നാഭിയിലൂടെ
കാല്‍ വരെ
നെടുങ്ങനെ.
ചില തര്‍ക്ക പ്രദേങ്ങള്‍,
ഓര്‍മ്മകള്‍,
കാണാത്ത മുറിവിന്‍റെ
ഉണങ്ങാത്ത പാട്,
ഹൃദയം,
കരള്‍.

നഗരവും നദിയും












വന്നു പോയവരെല്ലാം
തന്‍റെ ഉടലില്‍ ചികഞ്ഞത്
തന്‍റെ ആത്മവിനെയാണെന്ന്
കരുതിയ
വിഡ്ഢിയായ വേശ്യയെപ്പോലെ
കാലകത്തി
മലര്‍ന്നു കിടന്നു
ആകാശം കാണുന്നു
നഗരം.
ഉറകളില്‍ പൊതിഞ്ഞ 
ആസക്തികളെ
ഉടലോടെ 
കടലിലെക്കൊഴുക്കുന്നു
കറുത്ത നദി.
അങ്ങനെയാണ് 
ഒരു നഗരത്തിന്
ഒരു നദിയുണ്ടായത്.
ഒരു നദിക്ക്
ഒരു നഗരവും.

വേശ്യ എന്നോട് പറഞ്ഞത്










ഞാന്‍
കണ്ണുകളില്‍ പുളക്കുന്ന
ആസക്തിയല്ല.
കവിളിലെ കോസ്മടിക്
ചുവപ്പല്ല.
ചുരമാന്തി 
അടിവയറോമെത്തുന്ന
വിശപ്പാണ്.