എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
ദൈവമേ... ഓർമ്മയുടെ വിത്തുകൾ മണ്ണിലായിരം ചൂണ്ടു വിരലുകളായി മുളക്കുന്നു...

15 ഒക്‌ടോബർ 2011

തിരോധാനം















ഒരിക്കൽ,

കുഴിച്ച് കുഴിച്ച്
ഒരു നഗരത്തെ കണ്ടെത്തും പോലെ
നമ്മൾ ഒരു പുഴ
കണ്ടെത്തും.

കാടും,
നാറുന്ന പൂക്കളും,
ചിലന്തികളും,
പുഴുക്കളും,
കണ്ടെത്തും.

ചേക്കേറാൻ പറന്നുപോയ
പക്ഷിയിൽ നിന്ന് പൊഴിഞ്ഞ
ഒരു തൂവൽ പോലും
കണ്ടെത്തിയെന്നു വരും.

ഒരിക്കൽ,

മടക്കിവച്ച
കിടക്ക വിരികളിൽ
സ്വയം ഭോഗികളുടെ ദേശഭൂപടം
കണ്ടെത്തും.

മൂത്രപ്പുര ചുമരിൽ
നമ്മൾ കോറിയിട്ട
മദാലസയായ ടീച്ചറെ
കണ്ടെത്തും

പെൻ ഡ്രൈവുകളിലൊന്നിൽ
ഒരുവളുടെ രതികൂജനങ്ങളുടെ
Mp3 രേഖകൾ
കണ്ടെത്തും.

നിശബ്ദതയുടെ ഗോപുരത്തിൽ
കഴുകൻ തൂവലുകൾക്കൊപ്പം
ചെമ്പൻ രഹസ്യ രോമങ്ങൾ
കണ്ടെത്തും.

ഒരിക്കൽ,
നമ്മൾ നമ്മളെ
കണ്ടെത്തും.

പറിഞ്ഞു പോരുമ്പോൾ
വേരോടെയെന്നത്
ഒരു
ജൈവ മര്യാദയല്ലതന്നെ.

തിരോധാനം.

16 ജൂലൈ 2011

ഒരുവൾ

















നാഭിയിൽ സൂര്യനെ
ഇടതുമുലയിൽ ചിലന്തിയെ
വലതുമുലയിൽ പൂമ്പാറ്റയെ
പച്ച കുത്തിയ
ഒരുവൾ.

പിണങ്ങുമ്പോൾ
രാപ്പകലുകൾ പോലെയും
ഇണങ്ങുമ്പോൾ
സന്ധ്യ പോലെയും
ഒരുവൾ.

ആർത്തവം
പുറകിൽ ചോരപ്പാടുമായി
അലഞ്ഞെത്തുന്ന പെൺപട്ടിയുടെ
കണ്ണുകളിലെ ഭാവമെന്നെഴുതിയ
ഒരുവൾ.

കയ്പ്
പിതാവിനാൽ
ബലാൽക്കാരം ചെയ്യപ്പെട്ട പെൺകുട്ടിക്ക്
സ്വന്തം യോനിയോടു തോന്നും
വികാരമെന്ന് പുലമ്പിയ
ഒരുവൾ.

കറുത്തവൾ.

ആളൊഴിഞ്ഞ തെരുവിൽ
രാത്രി തീണ്ടി മരിച്ചവൾ.

ഒരുവൾ.

11 ജൂൺ 2011

പഴി



















നമ്മൾ


പരസ്പരം പണയം വച്ച


രണ്ടുരുപ്പടികളെ പോലെ


അലമാരയുടെ ഇത്തിരി വിടവിലൂടെ


മാനം നോക്കി


വ്യവസ്ഥയെ പഴി പറഞ്ഞിരിക്കുന്നു.

03 ജൂൺ 2011

ജിഗ്സൊ















ഇഴയിഴയായി
തലമുടി,
കണ്ണുകൾ,
മൂക്ക്,
ചുണ്ടുകൾ,
കഴുത്ത്,
കൈകൾ,
മുലകൾ,
മുലക്കണ്ണുകൾ,
പൊക്കിൾ,
അരക്കെട്ട്,
യോനി,
ചന്തികൾ,
തുടകൾ,
കാൽവണ്ണകൾ,
പാദങ്ങൾ,
കാൽവിരലുകൾ,
എന്റെ മുന്നിൽ
കുന്നുകൂടി കിടപ്പാണ്
നിന്റെ ജിഗ്സൊ.
മാറ്റിയും മറിച്ചും
ഞാൻ ഭ്രാന്തോളമെത്തുന്നു.
അമൂർത്തരൂപങ്ങളിൽ
നിന്റെ മനസ്സു തിരയുന്നു.
പണി തീരാൻ
സ്വയം ഭോഗികൾ കാത്തിരിക്കുന്നു.
ഭ്രാന്തനെന്ന വിളികേൾക്കാതിരിക്കാൻ
ഞാൻ നിന്റെയുടലിൽ
ജിഗ്സൊ കളിക്കുന്നു.
കൂലി വാങ്ങിപ്പോവുമ്പോൾ
നിന്റെ കൃഷ്ണമണികളിലൊന്ന്
ഞാൻ ചുരണ്ടിയെടുക്കും.
ഒന്നുമില്ലെങ്കിൽ
നമ്മളെത്ര കണ്ണുപൊത്തിക്കളിച്ചതാണ്...

08 മേയ് 2011

പറുദീസാ നഷ്ടം






ദൈവമേ...
ഓർമ്മയുടെ വിത്തുകൾ
മണ്ണിലായിരം
ചൂണ്ടു വിരലുകളായി
മുളക്കുന്നു...


നിനക്കെതിരെയുള്ള
എന്റെ കലാപത്തിന്റെ
സ്മാരകങ്ങൾ...
എങ്കിലും


നിന്റെ അടിവസ്ത്രമിന്ന്
എന്റെ ദേശത്തിന്റെ
പതാക...
എന്റെ തൊലിയിൽ
നിന്റെ ഭ്രഷ്ടിന്റെ
മാറാമുദ്ര...


05 ഏപ്രിൽ 2011

ഉയിർപ്പ്




നീ പറയുന്നു


എന്റെ ആകാശങ്ങളിൽ


മരണത്തിന്റെ ഇടിമുഴക്കങ്ങളെന്ന്.


ഞാൻ പറയുന്നു


നിന്റെ മണ്ണിൽ


ഒരായിരം കൂണുകളുടെ ഉയിർപ്പെന്ന്.


നമ്മളിൽ ആരായിരിക്കും ശരി.


26 മാർച്ച് 2011

മാംസം രുചിക്കുന്നവർ





കഴിഞ്ഞ കുറെ രാത്രികളായി
ഞാനൊരു കശാപ്പൂശാല സ്വപ്നം കാണുന്നു.
തൊലിയുരിഞ്ഞ് ചോരയൊറ്റി
തൂങ്ങിയാടുന്നത് എന്റെ വാക്കുകളാണ്.
വില പേശി വാങ്ങി
നിങ്ങൾ കൊണ്ടുപോവുന്ന ഒരോ മാംസപൊതിയിലും
എന്റെ നിലവിളി അടക്കം ചെയ്യപ്പെട്ടിരിക്കുന്നു.
വഴി നീളെ 
ഈച്ച ആർക്കുന്നതു പോലൊരു ശബ്ദം
നിങ്ങളെ പിന്തുടരുന്നത് 
അതു കൊണ്ടാണ്.
തീറ്റ കഴിഞ്ഞ് 
ഒരേമ്പക്കമായെങ്കിലും നിങ്ങളെന്നെ
ചരിത്രത്തിൽ രേഖപ്പെടുത്തണം.

07 മാർച്ച് 2011

നമ്മള്‍


ഏതോ ഒരു ബുദ്ധ സന്യാസി
ഒഴുകുന്ന വെള്ളത്തിലെഴുതിയ
ഹൈകു കവിത
ഞാന്‍.
നീ
അത് വായിച്ചു
പൊട്ടിച്ചിരിക്കുകയും
പൊട്ടിക്കരയുകയും
ചെയ്ത ഉന്മാദിനിയായ
എന്‍റെ വായനക്കാരിയും...