എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
ദൈവമേ... ഓർമ്മയുടെ വിത്തുകൾ മണ്ണിലായിരം ചൂണ്ടു വിരലുകളായി മുളക്കുന്നു...

16 ജൂലൈ 2011

ഒരുവൾ

നാഭിയിൽ സൂര്യനെ
ഇടതുമുലയിൽ ചിലന്തിയെ
വലതുമുലയിൽ പൂമ്പാറ്റയെ
പച്ച കുത്തിയ
ഒരുവൾ.

പിണങ്ങുമ്പോൾ
രാപ്പകലുകൾ പോലെയും
ഇണങ്ങുമ്പോൾ
സന്ധ്യ പോലെയും
ഒരുവൾ.

ആർത്തവം
പുറകിൽ ചോരപ്പാടുമായി
അലഞ്ഞെത്തുന്ന പെൺപട്ടിയുടെ
കണ്ണുകളിലെ ഭാവമെന്നെഴുതിയ
ഒരുവൾ.

കയ്പ്
പിതാവിനാൽ
ബലാൽക്കാരം ചെയ്യപ്പെട്ട പെൺകുട്ടിക്ക്
സ്വന്തം യോനിയോടു തോന്നും
വികാരമെന്ന് പുലമ്പിയ
ഒരുവൾ.

കറുത്തവൾ.

ആളൊഴിഞ്ഞ തെരുവിൽ
രാത്രി തീണ്ടി മരിച്ചവൾ.

ഒരുവൾ.