എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
ദൈവമേ... ഓർമ്മയുടെ വിത്തുകൾ മണ്ണിലായിരം ചൂണ്ടു വിരലുകളായി മുളക്കുന്നു...

25 മേയ് 2015

നിരോധിക്കപ്പെട്ട ഒരു വാക്ക്
















നിരോധിക്കപ്പെട്ട ഒരു വാക്ക്
വേദനയോടെ
അഗാധമായ കിണറ്റിലേക്ക്
പൊഴിയുകയാണ്.

അടിക്കാടുകളിൽ വീണു കിടക്കുന്ന
ഒരു തുണ്ട് വെയിൽ പോലെ,
അത്രമേൽ ഏകാന്തമായി,
ഹതാശമായി.

അടിജലം
പതിയെപ്പതിയെയിളക്കി,
നിന്നെ കേൾക്കുന്നുവെന്ന്,
പുരാതനമായ കിണർ.

രക്ഷപ്പെട്ട വാക്കുകൾ
കയറിപ്പോയ കാടുകളിൽ
മരങ്ങൾക്കു പകരം,
പിറുപിറുപ്പുകൾ.

വിരാമ ചിഹ്നങ്ങളിൽ,
വെടിയൊച്ചകൾ.

എണ്ണയിൽ മുക്കിയ വിരലിനൊപ്പം
നിന്നു കത്തുന്നു,

ഈയം ഉരുക്കിയൊഴിച്ചൊരു ചെവിയിൽ
അകപ്പെട്ടു പോകുന്നു,

നിരോധിക്കപ്പെട്ട ആ വാക്ക്.

തുളയിടുന്ന ഒച്ചയുമായൊരു
പരുന്തിന്റെ നിഴൽ,
അടിജലത്തിൽ

പതിയെ പാറി വീഴുന്നു.

14 ഫെബ്രുവരി 2015


























ഒരു തുരുത്തില്‍  നാലു കുതിരകള്‍
തീര്‍ത്തും അലസമായി നിന്ന്
മഴ നനയുന്നുണ്ട്, ക

കപ്പലുകളുടെ ശവപ്പറമ്പിനും
കപ്പിത്താന്മാരുടെ സെമിത്തേരിക്കും
ഇടയില്‍ ഞരമ്പു പോലത്തെ
ഒരു വഴിയുണ്ട്, ക

സന്ധ്യക്ക്, മലമുകളില്‍
അപസര്‍പ്പക കഥയെഴുതിയെഴുതി
പേടിച്ച്, ഓടിപ്പോയിട്ടുണ്ട്, ക

മുപ്പത്തിമൂന്ന് യോനിമുഖങ്ങള്‍
തുന്നിച്ചേര്‍ത്തിട്ടുണ്ട്, ക

മുപ്പത്തിമൂന്ന് ഉണങ്ങിയ
പഴത്തൊലികളിട്ടു വച്ച
ചില്ലുഭരണിയാണ് പ്രണയ ചരിത്രം, ക

തീനാളത്തെ പ്രാപിക്കുംപോലെ
നിങ്ങളീ കവിതയെ പ്രാപിക്കുന്നതിനാല്‍
ഇറങ്ങിപ്പോകുന്നു, ക

മരണം ലംബമാനമായ
ഒരു ഉടല്‍നില മാത്രമാണ്, ക

ക എന്ന അക്ഷരം
തിരശ്ചീനമായ ഒരു അഹങ്കാരവും, ക

പിടിച്ചിരിക്കുക.