എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
ദൈവമേ... ഓർമ്മയുടെ വിത്തുകൾ മണ്ണിലായിരം ചൂണ്ടു വിരലുകളായി മുളക്കുന്നു...

15 മാർച്ച് 2016

കരിനിലം
















ഒരു ദുസ്വപ്നത്തിന്റെ
അൽഗൊരിതത്തിലേക്ക് നമ്മൾ
പതിയെ കടക്കുകയാണ്.

മുപ്പത്തിമൂന്നാം നിലയിൽ നിന്ന്
ഒരാൾ ഉടലു കൊണ്ട്
ആകാശത്തിൽ കുരിശു വരക്കുന്നു.

താഴെ നിന്ന്, നാലു മുട്ടൻ തെറികൾ,
മുഷിഞ്ഞൊരു തുണി വിരിച്ച്
പിടിക്കാനായുന്നു.

പതിമൂന്നാം നിലയിൽ
അയാളെ അപ്രത്യക്ഷനാക്കുന്ന
ഒരിടപെടൽ.

കൂടെ കരുതിയ മരത്തിന്റെ നിഴൽ
പൊഴിഞ്ഞതറിയാതെ
പറക്കുന്ന പക്ഷി.

അടുത്ത ചുവടിൽ
പാമ്പായി മാറാവുന്ന
ജപിച്ചു കെട്ടിയ ബ്യൂഗിൾ,

പതിയെ ചുവക്കുന്ന
മാസം തുന്നുന്ന
വെളുത്ത നൂലുണ്ട.

പരസ്പരം കവിഞ്ഞൊഴുകുമെന്ന് പേടിച്ച്,
കണ്ണിൽക്കണ്ണിൽ നോക്കിയിരിക്കുന്നവരുടെ
കടൽത്തീരം.

അടഞ്ഞും തുറന്നുമിരിക്കുന്ന
എണ്ണമറ്റ സൂക്ഷ്മ യോനികളിൽ
വാക് പരാഗണം.

വിളക്കണക്കാൻ മറന്നു പോയ
മുറിയിൽ തങ്ങി നിൽക്കുന്ന
പ്രതീക്ഷ പോലെ,

തുറന്നിരിക്കുന്ന കഫേയിലേക്ക്,
വരികയും പോകുകയും ചെയ്യുന്ന
പെൺകുട്ടി.

എങ്കിലും,
ഒരു ദുസ്വപ്നത്തിന്റെ
അൽഗൊരിതത്തിലാണ്
നമ്മൾ.

ഇതൊരു അടഞ്ഞ ലൂപ്പായതിനാൽ,

മുപ്പത്തിമൂന്നാം നിലയിൽ നിന്ന്
ഒരാൾ ഉടലു കൊണ്ട്
ആകാശത്തിൽ കുരിശു വരക്കുന്നു.

താഴെ നിന്ന്, നാലു മുട്ടൻ തെറികൾ,
മുഷിഞ്ഞൊരു തുണി വിരിച്ച്
പിടിക്കാനായുന്നു.

പതിമൂന്നാം നിലയിൽ
അയാളെ അപ്രത്യക്ഷനാക്കുന്ന
ഒരിടപെടൽ.