എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
ദൈവമേ... ഓർമ്മയുടെ വിത്തുകൾ മണ്ണിലായിരം ചൂണ്ടു വിരലുകളായി മുളക്കുന്നു...

30 ഓഗസ്റ്റ് 2016

മൂന്ന് ചലന നിയമങ്ങൾ














നിങ്ങൾ തീരെ പ്രതീക്ഷിക്കാത്തിടത്ത്
ഒരു ചലച്ചിത്രം തുടങ്ങുന്നു.

ചലനം ആരോപിക്കപ്പെടുന്ന
ഒരു പ്രതിഭാസമായതിനാൽ,

മരണത്തിലേക്കുള്ള മൂന്ന് ചുവടുകൾ
മൂന്ന് ചലന നിയമങ്ങളാകുന്നു.

ഒന്നാം ചലന നിയമം

പിരിഞ്ഞുപോകുന്ന രണ്ടു കണ്ണുകൾ,
എതിർ ദിശയിൽ കുതിക്കുന്ന
രണ്ടു തീവണ്ടികളിൽ ഇരുന്ന്
പരസ്പരം കൊരുക്കുന്നു.

രണ്ടാം ചലന നിയമം

മുപ്പത്തിമൂന്നാം നിലയിൽനിന്ന്
താഴേക്ക് പറക്കുന്നയാൾ
ഓരോ ജനാലക്കും
ഓരോ നിശ്ചല ദൃശ്യമാകുന്നു.

മൂന്നാം ചലന നിയമം

രണ്ട് ഉടലുകൾ ചേർന്ന
സുരതമാപിനിയിൽ
ഒരു രസത്തുള്ളി
വിറച്ചു തുള്ളുന്നു.

നിങ്ങൾ തീരെ പ്രതീക്ഷിക്കാത്തിടത്ത്
ചലച്ചിത്രം അവസാനിക്കുന്നു...

09 ഓഗസ്റ്റ് 2016

കളി













തുടങ്ങുമ്പോൾ
പൂജ്യമെന്നും ഒന്നെന്നും പേരുള്ള
രണ്ടു കരുക്കൾ.

നമ്മൾ,

ഒന്നാം കളം

ആകാശത്തിൽ
അപ്രത്യക്ഷരാകുന്ന
ട്രപ്പീസു കളിക്കാർ.

രണ്ടാം കളം

പെണ്ണുടലാകുന്ന
ഒരു തുരങ്കത്തിലൂടെ പാഞ്ഞുപോകുന്ന
രണ്ടു പുരുഷകണങ്ങൾ.

മൂന്നാം കളം

ചീന്തി മലർത്തിയ
ഹൃദയത്തിൽ കെട്ടിനിൽക്കുന്ന
മഴവെള്ളത്തിലെ കൂത്താടികൾ.

നാലാം കളം

ചിതറിപ്പോയ ശലഭച്ചിറകുകൾ
ഭൂപടങ്ങളാക്കിയ
നാടോടികൾ.

അഞ്ചാം കളം

ചുഴലിക്കാറ്റിന്റെ
പരസ്പരം കലഹിക്കുന്ന
രണ്ടു കണ്ണുകൾ.

ആറാം കളം

തെരുക്കൂട്ടം
തൊലിയുരിച്ച് ഞാത്തിയിട്ട
രണ്ടു പണ്ടങ്ങൾ.

ഏഴാം കളം

പരസ്പരം കുഴികുത്തി മൂടുന്ന
നെഞ്ചിൽ തുളവീണ
നിഴലുകൾ.

എട്ടാം കളം

നമ്മുടെ നിലവിളി
ഈ വിരാമ ചിഹ്നത്തിലേക്ക്
ചുരുങ്ങുന്നു.

ഒമ്പതാം കളം

ജയിച്ചതിനാൽ
ഒരു കാണി
ഒറ്റക്കു നിൽക്കുന്നു.