എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
ദൈവമേ... ഓർമ്മയുടെ വിത്തുകൾ മണ്ണിലായിരം ചൂണ്ടു വിരലുകളായി മുളക്കുന്നു...

30 ഓഗസ്റ്റ് 2016

മൂന്ന് ചലന നിയമങ്ങൾ














നിങ്ങൾ തീരെ പ്രതീക്ഷിക്കാത്തിടത്ത്
ഒരു ചലച്ചിത്രം തുടങ്ങുന്നു.

ചലനം ആരോപിക്കപ്പെടുന്ന
ഒരു പ്രതിഭാസമായതിനാൽ,

മരണത്തിലേക്കുള്ള മൂന്ന് ചുവടുകൾ
മൂന്ന് ചലന നിയമങ്ങളാകുന്നു.

ഒന്നാം ചലന നിയമം

പിരിഞ്ഞുപോകുന്ന രണ്ടു കണ്ണുകൾ,
എതിർ ദിശയിൽ കുതിക്കുന്ന
രണ്ടു തീവണ്ടികളിൽ ഇരുന്ന്
പരസ്പരം കൊരുക്കുന്നു.

രണ്ടാം ചലന നിയമം

മുപ്പത്തിമൂന്നാം നിലയിൽനിന്ന്
താഴേക്ക് പറക്കുന്നയാൾ
ഓരോ ജനാലക്കും
ഓരോ നിശ്ചല ദൃശ്യമാകുന്നു.

മൂന്നാം ചലന നിയമം

രണ്ട് ഉടലുകൾ ചേർന്ന
സുരതമാപിനിയിൽ
ഒരു രസത്തുള്ളി
വിറച്ചു തുള്ളുന്നു.

നിങ്ങൾ തീരെ പ്രതീക്ഷിക്കാത്തിടത്ത്
ചലച്ചിത്രം അവസാനിക്കുന്നു...

1 അഭിപ്രായം:

  1. ന്യൂട്ടന്റെ ചലന നിയമം തപ്പി സ്ഥലം മാറി കേറിയതാണ്. പക്ഷെ സംഗതി കലക്കി.

    മറുപടിഇല്ലാതാക്കൂ