എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
ദൈവമേ... ഓർമ്മയുടെ വിത്തുകൾ മണ്ണിലായിരം ചൂണ്ടു വിരലുകളായി മുളക്കുന്നു...

01 ഡിസംബർ 2017

മൂന്ന് മരണ സമാന്തരങ്ങൾ

Wassily Kandinsky's Composition VIII


















*നിയമ പ്രകാരമുള്ള മുന്നറിയിപ്പ്.

വർത്തുളമായതെല്ലാം ഈ കവിതയിൽ
സംശയത്തോടെ നിരീക്ഷിക്കപ്പെടും.

ഒന്നാം സമാന്തരം:

കൂടയിൽ ഉറങ്ങുന്ന പാമ്പുകളെ
സ്വപ്നം കാണുന്ന ഒരാൾ.

രണ്ടാം സമാന്തരം:

മറക്കപ്പെട്ടവരുടെ ശ്മശാനത്തിൽ,
69 ആം ഉടൽ നിലയിൽ ഇണ ചേരുന്ന ഇരുവർ.

മൂന്നാം സമാന്തരം:

അനന്തരം, മൂന്നു ശവപ്പെട്ടികളിൽ
സമാന്തര ശവങ്ങളാകുന്ന മൂവർ.


വർത്തുളമായതെല്ലാം
നിരീക്ഷിക്കപ്പെടുന്നതിനാൽ,

സമാന്തര പാതകൾ
പുറപ്പെടുന്ന ഇടമായി,

സമാന്തര പാതകൾ
അവസാനിക്കുന്ന ഇടമായി,

ഈ ഉടലുകളെ സങ്കൽപ്പിക്കുക.

അനന്തതയിൽ വർത്തുളമാകുന്ന
നീളൻ നിഴലുകളെന്ന സാധ്യതയിൽ,

അവർ ജീവിതമെന്ന പോലെ
നാമീ കവിത അവസാനിപ്പിക്കുന്നു.

വർത്തുളമായതെല്ലാം ഇവിടെ
സംശയത്തോടെ നിരീക്ഷിക്കപ്പെടും.