എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
ദൈവമേ... ഓർമ്മയുടെ വിത്തുകൾ മണ്ണിലായിരം ചൂണ്ടു വിരലുകളായി മുളക്കുന്നു...

17 മാർച്ച് 2018

ഉടൽക്കുത്ത്

The sleep of reason produces monsters - Francisco Goya y Lucientes



ഉടലിലേക്ക് ഉറ്റുനോക്കിയിരിക്കുന്ന
ഒരാളിലേക്ക്
രോഗങ്ങളെന്നപോലെ,

ഇരുട്ടു മുറിയിലേക്ക്
ഒരു കവിത
ഒളിച്ചു കടക്കുന്നു.

ഉടൽക്കുത്തുകൾ,
മലരികൾ,
കിനാവള്ളികൾ.

ഉറക്കത്തിൽ
മരുഭൂമികളെ സ്വപ്നം കണ്ട്
വരണ്ട കണ്ണുകൾ,

നോക്കി, നോക്കി,
രോഗങ്ങളുടെ
നഗരമുണ്ടാക്കുന്നു.

നിലത്തിറങ്ങാതെ
കിളികൾ,
നിലത്തെഴുത്തെന്നും,

പറക്കാതെ
ഉടലുകൾ,
തലയിലെഴുത്തെന്നും,

ചില കവിതകളിൽ
ഉടലെന്നു തന്നെയും,
പരിഹസിക്കപ്പെടുന്നു,

അത്!

നരച്ച ആകാശത്തിന്റെ
അതിരിലൂടെ,
ഒറ്റയായി, ഒരു നിഴൽ.

വെള്ള വിരിയിൽ
ഉണങ്ങിപ്പിടിച്ച
കറുത്ത കറപോലെ.

ഉടൽ
കാത്തിരുന്നവർക്ക്,
മാംസം കത്തിയ ചാരം,

കവിത
കാത്തിരുന്നവർക്ക്
കടലാസു കത്തിയ ചാരം.

ഉടലിന്റെ
ആഭിചാരങ്ങൾക്കു
ശേഷം,

മരുന്നുകുപ്പികളിൽ
അടക്കം
ചെയ്യപ്പെടുന്നവർ,

പിറുപിറുക്കുന്നില്ല,
അലഞ്ഞു നടക്കുന്നില്ല,
പേടിപ്പിക്കുന്നില്ല.

നോട്ടം കൊണ്ടൊരു
ഉടൽക്കുത്ത്,

നോട്ടം കൊണ്ടൊരു
ഉടൽക്കൂത്ത്.