![]() |
Memory of the Garden at Etten, Vincent van Gogh |
യുക്തിരഹിതമായ
ഒരു വൈകുന്നേരം,
സന്ദേഹങ്ങളാൽ
സംരക്ഷിക്കപ്പെടുന്നതും,
തലകീഴായ് നിൽക്കുന്നതുമായ
ആ ചോദ്യചിഹ്നം,
ആസന്നമായ ഒരു
അസാന്നിധ്യത്തെ കുറിയ്ക്കുന്നു.
അൽപ്പം മുമ്പിവിടെ
ഉണ്ടായിരുന്നതും,
ഇപ്പോഴില്ലാത്തതുമായ
ഒരു ഈണമുണ്ടാക്കുന്ന വിടവ്,
ആസന്നമായ ആ
അസാന്നിധ്യത്തെ ഉറപ്പിക്കുന്നു.
എന്നേ മരിച്ചുപോയ ഒരാൾ
സമയജലത്തിലുണ്ടാക്കുന്ന മലരികൾ,
ആസന്നമായ ആ
അസാന്നിധ്യത്തെ ഓർമിപ്പിക്കുന്നു.
അസാന്നിധ്യത്തിന്റെ
ആകൃതിയിൽ രൂപപ്പെടുന്ന,
ശൂന്യത തുളുമ്പുന്ന
തണുത്ത കല്ലറകൾ.
യുക്തിരഹിതമായ ഈ വൈകുന്നേരം
അസാന്നിധ്യം കൊണ്ട്
ആരാണോ നമ്മെ മുദ്രവക്കുന്നത്,
അവർക്കായി,
അവരുടെ ഉടലാകൃതിയിൽ,
അവരുടെ ഉടലളവുകളിൽ,
ഒരു വിടവ്.