എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
ദൈവമേ... ഓർമ്മയുടെ വിത്തുകൾ മണ്ണിലായിരം ചൂണ്ടു വിരലുകളായി മുളക്കുന്നു...

10 മാർച്ച് 2012

ആനന്ദമാർഗം















ലിംഗാകൃതിയിൽ
താക്കോലുകൾ പണിയുന്ന
വൃദ്ധൻ.

കണ്ണടച്ച്
പേനുകളുടെ സിംഫണി കേൾക്കുന്ന
ഭ്രാന്തി.

രാത്രി തനിയെ
നടന്നുപോയൊരുവന്റെ മൂളിപ്പാട്ട്
ഓർത്തുവക്കുന്ന തെരുവ്.

ഭൂകമ്പത്തിൽ നിലച്ചുപോയൊരു
ഘടികാരത്തേക്കാൾ മൂല്യമുള്ള,
രതിക്കിടയിൽ നിലച്ചുപോയൊരു ഹൃദയം.

മരിച്ചിട്ടും
നഖങ്ങളും മുടിയിഴകളും
വളരുന്ന പെൺകുട്ടി.

അവളുടെ
കുഴിമാടത്തിന് മുകളിൽമാത്രം
രാത്രി ആഘോഷിക്കാനെത്തുന്ന മിന്നാമിനുങ്ങുകൾ.

ഇപ്രകാരമല്ലേ വായനക്കാരെ
ആനന്ദമാർഗത്തിന്റെ
ചരിത്രം വായിക്കേണ്ടത്?

നേരത്തെ പറഞ്ഞ തെരുവിലൂടെ
നഗ്നരുടെ ജാഥ പോവുന്നു.

അവരുരിഞ്ഞെറിഞ്ഞ
അടിവസ്ത്രങ്ങൾ നാണിച്ചൊളിക്കുന്നു.

പള്ളിക്കുരിശിന്റെ
നിഴൽ എന്റെ ഉടലിൽ
വിലങ്ങനെ വീഴുന്നു.

ഒരു പെൺകുട്ടി
സൈക്കിളിൽ രണ്ടുകൈകളും വിട്ട്
എന്നെ കടന്നുപോവുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ