ഇപ്പോൾ,
നിന്റെ
ഉടലൊരു കഞ്ചാവുപാടമാണ്.
നിന്റെ
കഞ്ചാവുപാടങ്ങൾക്ക് നടുവിലെ
ധ്യാനബുദ്ധന്മാർക്ക്
എന്റെ
മുഖമാണ്.
ഇപ്പോൾ,
നിന്റെ
ഉടലൊരു ആകാശമാണ്.
നിന്റെ ഉടലിൽ
പച്ച കുത്തിയ
ഏഴ് കറുത്ത
സർപ്പങ്ങൾ
എന്റെ
പട്ടങ്ങളാണ്.
ഇപ്പോൾ,
നിന്റെ
ഉടലൊരു തടാകമാണ്.
ഒറ്റക്കല്ലിൽ
ഓടക്കുഴലൂതുന്ന
നീലദൈവത്തിന്റെ
വിയർപ്പിന്
എന്റെ
മണമാണ്.
ഇപ്പോൾ,
നിന്റെ
ഉടലൊരു മാന്ത്രികക്കളമാണ്.
മുടിയഴിച്ചാടി
കളം
മായ്ക്കുന്ന പെൺകുട്ടിക്ക്
എന്റെ
ഉടലാണ്.
ഇപ്പോൾ,
നിന്റെ
ഉടലൊരു കടലാണ്.
നിന്റെ
സ്രവങ്ങളിൽ കുതിർന്ന്
മടങ്ങിവരുന്ന
കാറ്റുകൾക്ക്
എന്റെ
ശബ്ദമാണ്.
ഇപ്പോൾ,
നീയൊരു
നഗ്നദൈവമാണ്.
നിനക്കുവേണ്ടി
ഉരുവിടുന്ന
നിഗൂഡ
മന്ത്രങ്ങളെല്ലാം
എന്റെ
രഹസ്യങ്ങളാണ്.
ഇപ്പോൾ,
നീയൊരു
രഹസ്യ ഭൂപടമാണ്.
നിന്റെ
ഉടലിലെ പാടുകളെല്ലാം
മറുഭാഷയിൽ
അടയാളപ്പെടുത്തിയ
എന്റെ
ദേശമാണ്.
ഇപ്പോൾ,
നീ ഈ
കവിതയുടെ
പേരാണ്.
ഞാനാണ്!