നിരോധിക്കപ്പെട്ട
ഒരു വാക്ക്
വേദനയോടെ
അഗാധമായ
കിണറ്റിലേക്ക്
പൊഴിയുകയാണ്.
അടിക്കാടുകളിൽ വീണു കിടക്കുന്ന
ഒരു തുണ്ട് വെയിൽ പോലെ,
അത്രമേൽ ഏകാന്തമായി,
ഹതാശമായി.
അടിജലം
പതിയെപ്പതിയെയിളക്കി,
നിന്നെ
കേൾക്കുന്നുവെന്ന്,
പുരാതനമായ
കിണർ.
രക്ഷപ്പെട്ട
വാക്കുകൾ
കയറിപ്പോയ
കാടുകളിൽ
മരങ്ങൾക്കു
പകരം,
പിറുപിറുപ്പുകൾ.
വിരാമ
ചിഹ്നങ്ങളിൽ,
വെടിയൊച്ചകൾ.
എണ്ണയിൽ
മുക്കിയ വിരലിനൊപ്പം
നിന്നു
കത്തുന്നു,
ഈയം
ഉരുക്കിയൊഴിച്ചൊരു ചെവിയിൽ
അകപ്പെട്ടു
പോകുന്നു,
നിരോധിക്കപ്പെട്ട
ആ വാക്ക്.
തുളയിടുന്ന
ഒച്ചയുമായൊരു
പരുന്തിന്റെ
നിഴൽ,
അടിജലത്തിൽ
പതിയെ
പാറി വീഴുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ