ജീവിതമേ, ജീവിതമേ
നിന്റെ
ചോരക്ക്
വീഞ്ഞിന്റെ
ചവർപ്പെന്ന്
നിന്റെ
വീഞ്ഞിന്
ചോരയുടെ
രുചിയെന്ന്
പുലമ്പി,
പടിയിറങ്ങിപ്പോയതാണ്.
സന്ധ്യക്ക്, തുടയിടുക്കിലുണങ്ങിയ
ചോരപ്പാടുമായി
വീട്ടിലേക്കിഴഞ്ഞു
പോവുന്ന പെൺകുട്ടി.
ചരിത്രം
ആരുടേയും തന്തയുടെ
വകയല്ലാത്തതുകൊണ്ടും,
തള്ളമാരെക്കൊണ്ട്
എഴുതിക്കാത്തതുകൊണ്ടും,
ലിംഗങ്ങളുടെ
ചരിത്രമെഴുതുന്നവൾ.
പക പിടിച്ച്
കാത്തിരുന്ന്
ഉടലും
കത്തിയും ഒന്നായ ഒരുവൻ.
കുന്നിൻമുകളിൽ
അവനിറങ്ങിപ്പോയതിൽപ്പിന്നെ
ഒറ്റക്ക്
നിന്ന് കത്തുന്ന കുരിശ്.
കടലിലേക്കിറങ്ങി
കാണാതെയാവുന്ന
നഗ്നരുടെ ജാഥ.
കാലടിപ്പാടുകൾക്ക്
ചുറ്റിലും
വന്നുപറ്റുന്ന
ചോണനുറുമ്പുകൾ.
പ്രണയിക്കാൻ
പഠിപ്പിച്ചവളുടെ
പിൻവിളി.
ജാതകം
കത്തിച്ച്
പടിയിറങ്ങിപ്പോയ
യുവാവ്
കാവിയുടുത്ത വൃദ്ധനായി
മടങ്ങിവരും
പോലെ,
മടങ്ങിവരുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ