എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
ദൈവമേ... ഓർമ്മയുടെ വിത്തുകൾ മണ്ണിലായിരം ചൂണ്ടു വിരലുകളായി മുളക്കുന്നു...

11 ജൂൺ 2011

പഴി



















നമ്മൾ


പരസ്പരം പണയം വച്ച


രണ്ടുരുപ്പടികളെ പോലെ


അലമാരയുടെ ഇത്തിരി വിടവിലൂടെ


മാനം നോക്കി


വ്യവസ്ഥയെ പഴി പറഞ്ഞിരിക്കുന്നു.

03 ജൂൺ 2011

ജിഗ്സൊ















ഇഴയിഴയായി
തലമുടി,
കണ്ണുകൾ,
മൂക്ക്,
ചുണ്ടുകൾ,
കഴുത്ത്,
കൈകൾ,
മുലകൾ,
മുലക്കണ്ണുകൾ,
പൊക്കിൾ,
അരക്കെട്ട്,
യോനി,
ചന്തികൾ,
തുടകൾ,
കാൽവണ്ണകൾ,
പാദങ്ങൾ,
കാൽവിരലുകൾ,
എന്റെ മുന്നിൽ
കുന്നുകൂടി കിടപ്പാണ്
നിന്റെ ജിഗ്സൊ.
മാറ്റിയും മറിച്ചും
ഞാൻ ഭ്രാന്തോളമെത്തുന്നു.
അമൂർത്തരൂപങ്ങളിൽ
നിന്റെ മനസ്സു തിരയുന്നു.
പണി തീരാൻ
സ്വയം ഭോഗികൾ കാത്തിരിക്കുന്നു.
ഭ്രാന്തനെന്ന വിളികേൾക്കാതിരിക്കാൻ
ഞാൻ നിന്റെയുടലിൽ
ജിഗ്സൊ കളിക്കുന്നു.
കൂലി വാങ്ങിപ്പോവുമ്പോൾ
നിന്റെ കൃഷ്ണമണികളിലൊന്ന്
ഞാൻ ചുരണ്ടിയെടുക്കും.
ഒന്നുമില്ലെങ്കിൽ
നമ്മളെത്ര കണ്ണുപൊത്തിക്കളിച്ചതാണ്...

08 മേയ് 2011

പറുദീസാ നഷ്ടം






ദൈവമേ...
ഓർമ്മയുടെ വിത്തുകൾ
മണ്ണിലായിരം
ചൂണ്ടു വിരലുകളായി
മുളക്കുന്നു...


നിനക്കെതിരെയുള്ള
എന്റെ കലാപത്തിന്റെ
സ്മാരകങ്ങൾ...
എങ്കിലും


നിന്റെ അടിവസ്ത്രമിന്ന്
എന്റെ ദേശത്തിന്റെ
പതാക...
എന്റെ തൊലിയിൽ
നിന്റെ ഭ്രഷ്ടിന്റെ
മാറാമുദ്ര...


05 ഏപ്രിൽ 2011

ഉയിർപ്പ്




നീ പറയുന്നു


എന്റെ ആകാശങ്ങളിൽ


മരണത്തിന്റെ ഇടിമുഴക്കങ്ങളെന്ന്.


ഞാൻ പറയുന്നു


നിന്റെ മണ്ണിൽ


ഒരായിരം കൂണുകളുടെ ഉയിർപ്പെന്ന്.


നമ്മളിൽ ആരായിരിക്കും ശരി.


26 മാർച്ച് 2011

മാംസം രുചിക്കുന്നവർ





കഴിഞ്ഞ കുറെ രാത്രികളായി
ഞാനൊരു കശാപ്പൂശാല സ്വപ്നം കാണുന്നു.
തൊലിയുരിഞ്ഞ് ചോരയൊറ്റി
തൂങ്ങിയാടുന്നത് എന്റെ വാക്കുകളാണ്.
വില പേശി വാങ്ങി
നിങ്ങൾ കൊണ്ടുപോവുന്ന ഒരോ മാംസപൊതിയിലും
എന്റെ നിലവിളി അടക്കം ചെയ്യപ്പെട്ടിരിക്കുന്നു.
വഴി നീളെ 
ഈച്ച ആർക്കുന്നതു പോലൊരു ശബ്ദം
നിങ്ങളെ പിന്തുടരുന്നത് 
അതു കൊണ്ടാണ്.
തീറ്റ കഴിഞ്ഞ് 
ഒരേമ്പക്കമായെങ്കിലും നിങ്ങളെന്നെ
ചരിത്രത്തിൽ രേഖപ്പെടുത്തണം.

07 മാർച്ച് 2011

നമ്മള്‍


ഏതോ ഒരു ബുദ്ധ സന്യാസി
ഒഴുകുന്ന വെള്ളത്തിലെഴുതിയ
ഹൈകു കവിത
ഞാന്‍.
നീ
അത് വായിച്ചു
പൊട്ടിച്ചിരിക്കുകയും
പൊട്ടിക്കരയുകയും
ചെയ്ത ഉന്മാദിനിയായ
എന്‍റെ വായനക്കാരിയും...

20 നവംബർ 2010

അന്വേഷണം







പുലര്‍ച്ചെ
എന്‍റെ സ്വപ്നത്തില്‍
മുടി കഴുകി
പുറപ്പെട്ടവളാണ്.
ചില തുലാവര്‍ഷരാത്രികളിലെ
രണ്ടിടിമുഴക്കങ്ങള്‍ക്കിടയിലെ
മൌനം
അവളുടെതാണ്.
വേനലില്‍
മുഖം ചുളിക്കുന്ന
ഭൂമിയുടെ വിഷാദം
അവളുടെതാണ്.
ഞങ്ങളുടെ 
വിരഹത്തെയാണ് നിങ്ങള്‍
മഞ്ഞുകാലമെന്നു വിളിച്ചത്.
അങ്ങനെയാണ് ഞാന്‍
ഋതുക്കളില്‍ അലയുന്നവനായത്,
സന്ധ്യ
എന്‍റെ പരാജപ്പെട്ട
ആത്മഹത്യാ ശ്രമമാണ്.
തിരിചെടുക്കെണ്ടതുണ്ട്,
രക്തത്തിന് 
വൈലെറ്റ് നിറം പകരുന്ന
ഞങ്ങളുടെ രാത്രികള്‍,
എന്നില്‍ നിന്നെന്നിലേക്കുള്ള
യാത്രകളുടെ രഹസ്യ ഭൂപടമായ
അവളുടെ കൈരേഖകള്‍.
തിരിച്ച് പോവേണ്ടതുണ്ട്.
എത്രമേല്‍ അകലെയാണെങ്കിലും
അവളിലെക്കെത്താനെനിക്കുണ്ട്
ആയിരമായിരം ഒറ്റയടിപ്പാതകള്‍.
ഞങ്ങള്‍ക്ക്
തിരിച്ച് പോവേണ്ടതുണ്ട്.



25 ഒക്‌ടോബർ 2010

പ്രതിബിംബം












നിന്നെ പൊതിഞ്ഞിരിക്കുന്ന
മാലാഖയുടെ വെളുത്ത 
തൂവലുകള്‍ പൊഴിക്കനായി
നീ
കുതറുന്ന പോലെയാണ്
എന്നെ
പൊതിഞ്ഞിരിക്കുന്ന
ചെകുത്താന്റെ കറുത്ത 
കുപ്പായമൂരാന്‍
ഞാനും കുതറുന്നത്.
നീ 
എന്നെയനുകരിക്കുന്നതായ്
എനിക്കും,
ഞാന്‍
നിന്നെയനുകരിക്കുന്നതായ്
നിനക്കും
തോന്നുന്നതതുകൊണ്ടാണ്.
നെറ്റി ചുളിക്കരുത്,
മുഖം ചുവക്കരുത്.
ഉടഞ്ഞു ചിതറിയേക്കാം,
കണ്ണാടി,
ഞാന്‍,
നീ.

10 സെപ്റ്റംബർ 2010

ഒരു മൃഗീയ വിചാരണയിലെ പ്രസക്തഭാഗങ്ങള്‍...
















അവള്‍ പറയുന്നു,
ഇരുട്ടിലെനിക്ക് തിളങ്ങുന്ന
കടുവക്കണ്ണുകളെന്ന്.
മുലകളിലെ തിണര്‍പ്പ്
പുലി നഖപ്പാടുകളെന്ന്.
പിന്‍ കഴുത്തില്‍ തുടങ്ങി
നട്ടെല്ലിലൂടിഴയുന്നത്‌ 
കോമ്പല്ലിന്‍റെ തണുപ്പാണെന്ന്.
ചില തെളിവുകള്‍,
തലച്ചോറില്‍ മുളക്കുന്ന
പൊടിവാല്‍.
അന്തോം കുന്തോമില്ലാതെ 
ഉദ്ധരിക്കുന്ന ലിംഗം.
ചില മുരള്‍ച്ചകള്‍.
ഒറ്റമുറിയിലെ ചുറ്റിനടത്തം.
ഞാന്‍
പൂര്‍ണ്ണനായ മൃഗമാണ്‌. 
എന്നിട്ടെന്തേ,
അവന്‍ അകത്തും
ഞാന്‍ പുറത്തുമായത്?

01 സെപ്റ്റംബർ 2010

ചില കുറിപ്പുകള്‍




ദൈവം
പ്ഭ!

ചെകുത്താന്‍ 
ചിരി...

വേശ്യ
പുലയാടികളെ
എന്‍റെ മുലക്കണ്ണുകള്‍ക്ക്
കാഴ്ചയുണ്ടായിരുന്നെങ്കില്‍
നിങ്ങളെന്തു ചെയ്യുമായിരുന്നു?

കള്ളന്‍
എന്തേ നിങ്ങളെന്‍റെ
വിശപ്പ്‌ കട്ടെടുത്തില്ല?
പകരം വീട്ടിയില്ല?

സുഹൃത്ത്‌
വില്‍ക്കാനുണ്ടോ?
നിന്‍റെ കവിതയില്‍
വരികള്‍ക്കിടയില്‍
വാക്കുകള്‍ക്കിടയില്‍
ഒരു തുണ്ട്?

ഓര്‍മ
ഞാന്‍ എന്‍റെതെന്നും
അവര്‍ അവരുടേതെന്നും
അവകാശപ്പെടുന്ന
തര്‍ക്ക പ്രദേശം.

പ്രണയം
എനിക്കും നിനക്കുമിടയിലെ
നേര്‍ത്ത റബ്ബര്‍ മറയെ
വിശ്വസിച്ച്
നമ്മള്‍ നടത്തുന്നൊരു
ഞാണിന്മേല്‍ക്കളി.

കവി
മുറുക്കി തുപ്പിയ പോലെ
എന്‍റെ കവിത
നിന്‍റെ മുഖത്ത്.