എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
ദൈവമേ... ഓർമ്മയുടെ വിത്തുകൾ മണ്ണിലായിരം ചൂണ്ടു വിരലുകളായി മുളക്കുന്നു...

15 ഓഗസ്റ്റ് 2014

ശ്‌ശ്‌ശ്...

















ഇപ്പോൾ,
നിന്റെ ഉടലൊരു കഞ്ചാവുപാടമാണ്.

നിന്റെ കഞ്ചാവുപാടങ്ങൾക്ക് നടുവിലെ
ധ്യാനബുദ്ധന്മാർക്ക്
എന്റെ മുഖമാണ്.

ഇപ്പോൾ,
നിന്റെ ഉടലൊരു ആകാശമാണ്.

നിന്റെ ഉടലിൽ പച്ച കുത്തിയ
ഏഴ് കറുത്ത സർപ്പങ്ങൾ
എന്റെ പട്ടങ്ങളാണ്.

ഇപ്പോൾ,
നിന്റെ ഉടലൊരു തടാകമാണ്.

ഒറ്റക്കല്ലിൽ ഓടക്കുഴലൂതുന്ന
നീലദൈവത്തിന്റെ വിയർപ്പിന്
എന്റെ മണമാണ്.

ഇപ്പോൾ,
നിന്റെ ഉടലൊരു മാന്ത്രികക്കളമാണ്.

മുടിയഴിച്ചാടി
കളം മായ്ക്കുന്ന പെൺകുട്ടിക്ക്
എന്റെ ഉടലാണ്.

ഇപ്പോൾ,
നിന്റെ ഉടലൊരു കടലാണ്.

നിന്റെ സ്രവങ്ങളിൽ കുതിർന്ന്
മടങ്ങിവരുന്ന കാറ്റുകൾക്ക്
എന്റെ ശബ്ദമാണ്.

ഇപ്പോൾ,
നീയൊരു നഗ്നദൈവമാണ്.

നിനക്കുവേണ്ടി ഉരുവിടുന്ന
നിഗൂഡ മന്ത്രങ്ങളെല്ലാം
എന്റെ രഹസ്യങ്ങളാണ്.

ഇപ്പോൾ,
നീയൊരു രഹസ്യ ഭൂപടമാണ്.

നിന്റെ ഉടലിലെ പാടുകളെല്ലാം
മറുഭാഷയിൽ അടയാളപ്പെടുത്തിയ
എന്റെ ദേശമാണ്.

ഇപ്പോൾ,
നീ ഈ കവിതയുടെ
പേരാണ്.


ഞാനാണ്!

16 മാർച്ച് 2014

കാണായ്മ
















പുതഞ്ഞുപ്പോയൊരു നഗരത്തെ കണ്ടെത്തും പോലെ
ഞാൻ നിന്റെ കവിതകൾ കണ്ടെത്തുന്നു.

ചില കാടുകൾ, കടലുകൾ
അടുത്തെത്തും മുമ്പേ, കാണും മുമ്പേ,

ഗന്ധം കൊണ്ട്,
സ്വയം വെളിപ്പെടും പോലെ.

നിന്റെ പ്രണയത്തെ വായിക്കുമ്പോൾ
കടൽ കുടിച്ച് വറ്റിക്കുന്നതോർക്കുന്നു.

345 അണ്ഡങ്ങളുടെ
പിറുപിറുപിറുക്കൽ കേൾക്കുന്നു.

ഒറ്റയായ ആകാശം,
ഒറ്റയായ കടൽ,
ഒറ്റയായൊരു കപ്പൽ,
ഒറ്റയായ നക്ഷത്രം,
വഴി തെറ്റിപ്പോയൊരു കാറ്റ്,

ഇത്രയും നിന്റെ ജിഗ്സോ.

നിന്നെ വായിക്കുകയെന്നാൽ

ചില നിഘണ്ടുകൾ കത്തിക്കുകയെന്ന്,
ചില ഭൂപടങ്ങൾ കുനുകുനാ പറത്തുകയെന്ന്,

ഉള്ളിലോർക്കുന്നു, ചിരിക്കുന്നു.

മരുഭൂമിയിൽ നിന്നെ പുതച്ച
ഇത്തിരിയിടം ഒരു കള്ളീമുൾച്ചെടി
കാട്ടിത്തരും പോലെ,

നിന്റെ കവിതകൾ നിന്നെ കാട്ടിത്തരുന്നു.

വേദനയെക്കുറിച്ച് പറയാൻ
മുറിവിനേക്കാൾ
ആർക്കാണ് അർഹത!

*സെസീറിയ ടിനജെറോക്ക്...

07 ഡിസംബർ 2013

ഏദൻ

ഏദനെന്ന
മന്ത്രവാദ സ്കൂളിൽ നിന്ന്,
കുരുത്തക്കേടിന്പുറത്താക്കപ്പെട്ട
രണ്ട് കുട്ടികളുടെ
പഠന കുറിപ്പുകൾ സമാഹരിച്ചത്.


വേനൽ കാടിനോടെന്ന പോലെ,
തിളച്ചും,

മഴ കാട്ടിലേക്കെന്ന പോലെ,
നിറച്ചും,

രാത്രി കാട്ടിലെന്ന പോലെ,
മിണ്ടാതെയും,

രണ്ടുപേർ ഭൂമിയിലെ
ഏറ്റവും സുന്ദരമായ കാര്യം
ചെയ്ത് കൊണ്ടിരിക്കുന്നു.

അവരിൽ കാണാതാവുന്നുണ്ട്,
ഒരു കാട്.

അവരിൽ കേൾക്കാതാവുന്നുണ്ട്,
ഒരു കടൽ.

അവൾക്ക്
കടലിന്റെ ശബ്ദമാണ്.

അവന്
കാടിന്റെ മൗനവും.

ഓർമ്മയിൽ നിന്ന്
പാഞ്ഞ് പോവുന്ന
രണ്ടിണക്കുതിരകൾ.

സിഗരറ്റ് പുകയെന്ന
നാട്യത്തിൽ ഒഴുകിപ്പോവുന്ന
ഒരു കവിത.

ഇടത് നെഞ്ചിൽ
പല്ലാൽ കുത്തിയ
ഒറ്റയക്ഷര ടാറ്റൂ.

ഇരുവരും ചേരുമ്പോൾ
എത്രയെത്ര സാധ്യതകൾ!

അരുത്

മരിച്ചുപോയൊരു ഭാഷയിൽ
ഇപ്പോൾ ജീവിച്ചിരിപ്പില്ലാത്തൊരു കവി
എഴുതിയ അവസാന കവിതയുടെ
സ്വതന്ത്ര വിവർത്തനം.

അരുത്.

കുന്നിൻ മുകളിലെ
കുരിശും കഴുമരവും പങ്കുവക്കുന്ന
ഒരോർമയായിരുന്നു എന്റെ മരം.

പ്രാർഥനകളാൽ മുഖരിതമായ
നിന്റെ ദേവാലയം
ഇരുക്കുന്നിടമായിരുന്നു എന്റെ വീട്.

എന്റെ കറുപ്പിൽ നിന്നാണ്
നിനക്ക് രാത്രിയുണ്ടായത്.

നിന്റെ സ്വപ്നങ്ങളിലെ ഇളക്കങ്ങൾ
എന്റെ കിണറിന്റേതാണ്.

നിന്റെ അടിവസ്ത്രമുണങ്ങുന്ന
ഉരുളൻ കല്ലായിരുന്നു എന്റെ ദൈവം.

അരുത്!


വിവർത്തകനെ വിശ്വസിക്കരുത്.

മടക്കം

ജീവിതമേ, ജീവിതമേ
നിന്റെ ചോരക്ക്
വീഞ്ഞിന്റെ ചവർപ്പെന്ന്
നിന്റെ വീഞ്ഞിന്
ചോരയുടെ രുചിയെന്ന്
പുലമ്പി,

പടിയിറങ്ങിപ്പോയതാണ്.

സന്ധ്യക്ക്, തുടയിടുക്കിലുണങ്ങിയ
ചോരപ്പാടുമായി
വീട്ടിലേക്കിഴഞ്ഞു പോവുന്ന പെൺകുട്ടി.

ചരിത്രം ആരുടേയും തന്തയുടെ
വകയല്ലാത്തതുകൊണ്ടും,
തള്ളമാരെക്കൊണ്ട്
എഴുതിക്കാത്തതുകൊണ്ടും,

ലിംഗങ്ങളുടെ ചരിത്രമെഴുതുന്നവൾ.

പക പിടിച്ച് കാത്തിരുന്ന്
ഉടലും കത്തിയും ഒന്നായ ഒരുവൻ.

കുന്നിൻമുകളിൽ
അവനിറങ്ങിപ്പോയതിൽപ്പിന്നെ
ഒറ്റക്ക് നിന്ന് കത്തുന്ന കുരിശ്.

കടലിലേക്കിറങ്ങി
കാണാതെയാവുന്ന നഗ്നരുടെ ജാഥ.

കാലടിപ്പാടുകൾക്ക് ചുറ്റിലും
വന്നുപറ്റുന്ന ചോണനുറുമ്പുകൾ.

പ്രണയിക്കാൻ പഠിപ്പിച്ചവളുടെ
പിൻവിളി.

ജാതകം കത്തിച്ച്
പടിയിറങ്ങിപ്പോയ യുവാവ്
കാവിയുടുത്ത  വൃദ്ധനായി
മടങ്ങിവരും പോലെ,


മടങ്ങിവരുന്നു.

നീയെനിക്കെന്താണെന്ന്

നീയെനിക്കെന്താണെന്ന്,

നീയെനിക്കെന്താണെന്ന്,

നീയെനിക്കെന്താണെന്ന്,

പിറുപിറുത്ത്,

മണൽക്കുന്നുകളെ നോക്കി,

നിന്റെ അരക്കെട്ടിനെ ഓർമിച്ച്,

പുതുമണ്ണിന്റെ മണത്തെ,

നിന്റെ മണമെന്ന് ഓർമിച്ച്,

ഉറവുകളെ,

നിന്റെ പൊക്കിളെന്ന് ഓർമിച്ച്,

നിന്റെ ചുണ്ടുകളെയെന്ന പോലെ,

പൂക്കളെ ഉമ്മ വച്ച്,

ഒരു പുലർച്ചെ,

ഈ സ്വപ്നത്തിൽ നിന്ന്

നിന്റെ മുലകളിലേക്ക്

ഞെട്ടിയുണരവേ,

നീയെനിക്കെന്താണെന്ന്,

ഞാൻ,

നിന്റെ ചെവിയിൽ മന്ത്രിക്കുന്നു.

എന്റെ കവിതകളുടെ അമ്മ!

20 ഡിസംബർ 2012

ചാട്ട












നമുക്കിടയിലരിച്ച
അത്രയും ചിതലുകൾക്ക്,
നമുക്കറിയുന്നതിനേക്കാൾ
അവരറിയുന്നത് കൊണ്ട്.

പരസ്പരം മുറിച്ചൊഴുകുന്ന
രണ്ട് പുഴകളുടെ
വെള്ളവും പേരുകളുമെന്നപോലെ
കുഴഞ്ഞ് പോയവരാണ് നമ്മൾ.

ഇളം ചൂടുള്ള മണലിലൂടെ
പുളച്ചിഴഞ്ഞൊരു
തോലിന്റെ ഓർമ്മയാണ്
നിന്റെ ഉടലിലെന്റെ മുദ്ര.

അവളുടെ തെരുവിലൂടെ
നടന്ന് പോവുമ്പോൾ,
നീ അദൃശ്യമായൊരു
ഗിറ്റാറിന്റെ ഈണം.

നാറുന്ന ഉടലുകൾ ഞാത്തിയ
വിളക്ക് കാലുകളുടെ തെരുവെന്ന
സ്വപ്നത്തിലൂടെ നീ
നടന്ന് പോവുന്നു.

സന്തോഷം നിനക്കെന്നും
അകലെ നിന്നുള്ള
ഒരിടിമുഴക്കം മാത്രം.

ഉയിർപ്പിൽ നിനക്ക്,
സമാധാനം.
എനിക്ക്,
രക്തം.

21 സെപ്റ്റംബർ 2012

പിറുപിറുന്നനെ

















തെളിവെള്ളം പോലെ
ഉള്ളുകാണാമെനിക്കെങ്കിലും
കളിയായെറിയുന്നോരോ കല്ലും
എതോ ദേശത്ത് ചെന്നൊളിക്കുന്നുണ്ട്.

കറുത്ത പൂച്ച
പിയാനോക്കട്ടകളിലൂടെ
അലസമായി നടന്നൊരൊച്ചയാണ്
നമുക്ക് പശ്ചാത്തലം.

പിറവി പോലൊരു
മിന്നൽ നമ്മെ പരസ്പരം
വെളിവാക്കുന്നുവെങ്കിലും
നമുക്ക് ഇരുട്ടിന്റെ മൊഴിയാണ്.

ഏറ്റ മുറിവുകളൊന്നും
എണ്ണിയെടുക്കാനാവാത്തത്രയും
നേർത്ത പുകപോലുള്ള
രണ്ടുടലുകളാണ്.

അല്പം കഴിഞ്ഞ്
പെയ്തേക്കാവുന്ന
നമുക്കില്ലാത്തൊരു മഴയെക്കുറിച്ച്
കനമില്ലാത്തൊരു വാക്ക്.

മാനത്തേക്കൊരു നോക്ക്,
കിരുകിരുപ്പ്,
പിരിവ്.

29 ജൂലൈ 2012

ചെവി
















അറുത്തെടുത്ത ചെവിയോടൊപ്പം
നിനക്ക് തന്നത്
ഞാനിന്നോളം കേട്ട
തെറികളും
സീൽക്കാരങ്ങളും
ചിരികളും
കരച്ചിലുകളും
ചില മുക്കലുകളും
മൂളലുകളും
മുരൾച്ചകളുമാണ്.


എന്റെ പാലറ്റിൽനിന്ന്
വഴുതിപോയ
മുടിഞ്ഞ ശബ്ദങ്ങളെല്ലാമാണ്.

സന്ധ്യയുടെ ശബ്ദങ്ങളെ
നമ്മിൽ നിന്നകന്നുപോകുന്ന
നീളൻ നൂലുകളെന്ന്,

സന്ധ്യയുടെ മണങ്ങൾക്ക്
അത്രയും
നീളാനാവില്ലെന്ന്,

ഓരോ നൂലിനറ്റത്തും
നമുക്കായോരോ
ചെവിയും തീപ്പെട്ടിയുമെന്ന്,

ചെവിക്കുപിന്നിൽ
നാവുകൊണ്ടു നനച്ചൊരു
സൂര്യകാന്തിത്തോട്ടമെന്ന്,

നാല് ചെവികൾ രണ്ട് തലകളിൽ
ഒരാവൃത്തിയിൽ മിടിക്കുന്നതാണ്
സംഗീതമെന്ന്,

ഇനിയും പേരിടാനിരിക്കുന്ന
രാഗങ്ങളുണ്ട്
ഓരോ ചെവിയിലുമെന്ന്,

മരിച്ചുപോയ ചെവിയിൽനിന്നുള്ള
കട്ടുറുമ്പുകളുടെ വരിയെ
ആൽബമെന്ന്,

ഓരോ ചെവിയുമോരോ
തേനീച്ചക്കൂടെന്ന്,
ചെമ്പരത്തിപ്പൂവെന്ന്,
പാട്ടുപെട്ടിയെന്ന്,
പ്രതികാരമെന്ന്,
പ്രലോഭനമെന്ന്,

ചോര മെഴുകിയ
ഉള്ളം കൈയിലിരുന്ന്
അറുത്തെടുത്ത ചെവിയുടെ
തോറ്റം.

22 മേയ് 2012

ആസന്ന മരണ ചിന്താശതകം













ദൈവമില്ലെന്ന് ബോധ്യപ്പെട്ടതുകൊണ്ട്,
ദൈവമില്ലാത്ത ജീവിതം
അസഹ്യമെന്ന് തോന്നിയതുകൊണ്ട്.

കണ്ണുപൊത്തിക്കളിക്കാരിൽ
ഒളിച്ചുപോയൊരാൾ മാത്രം
മടങ്ങി വന്നില്ല.

അതിൽപിന്നെയാണ് ഞാൻ
യാത്രാമൊഴികളുപേക്ഷിച്ചത്.

എനിക്ക് മൂന്ന് നഗരങ്ങളുമായി
ബന്ധമുണ്ടായിരുന്നു.
ആദ്യത്തെ നഗരത്താൽ
ഞാൻ പുറത്താക്കപ്പെട്ടു.
രണ്ടാമത്തെ നഗരത്തെ
ഞാൻ ചതിച്ച് കടന്നു.
മൂന്നാമത്തെ നഗരം
എന്നെ ജാരനായി വാഴിച്ചു.
വെയിലും മഴയുമേൽക്കാതെ
അവളുടെ ഇരുണ്ട രഹസ്യഭാഗങ്ങളിൽ
ഞാൻ മയങ്ങികിടന്നു.

ഋതുക്കൾ ഭൂമിയെ
മാറി മാറി ഭോഗിക്കുന്നത് കണ്ട്
സഹിക്കവയ്യാതെ ഞാനൊരു
കവിത എഴുതിപോയിട്ടുണ്ട്.

ഞാൻ പങ്കെടുത്ത
രണ്ട് വിപ്ലവങ്ങളിൽ ആദ്യത്തേത്
സ്വാതന്ത്ര്യത്തിനുവേണ്ടിയായിരുന്നു.
രണ്ടാമത്തേത്, സ്വാതന്ത്ര്യത്തിന്റെ
സ്വാതന്ത്ര്യത്തിനുവേണ്ടിയും.

എന്റെ രാഷ്ട്രീയം
പുലയാട്ടിന്റെ രാഷ്ട്രീയമായിരുന്നു.
എന്റെ കൊടി
ചാരനിറമുള്ള അടിവസ്ത്രവും.

രണ്ട് പെൺകുട്ടികളോട്
കൂടെ മരിക്കാമെന്ന്
ഞാൻ വാക്ക് കൊടുത്തിട്ടുണ്ട്.

അത്രമേൽ സുതാര്യമായതുകൊണ്ടാണ്
പെൺകുട്ടികൾ വെളിച്ചമെന്നതുപോലെ
എന്നിലൂടെ കടന്ന് പോയത്.

ചില സിനിമകളിൽ
ഞാൻ ഒളിച്ചിരുന്നിരുന്നു.
ജോണെന്ന് സ്വയം സങ്കല്പിച്ച്
അലഞ്ഞുതിരിഞ്ഞിരുന്നു.

എല്ലാവരേയും പോലെ ഞാനും
ചില പുസ്തകങ്ങൾ
പാതി വായിച്ച്
ഉപേക്ഷിച്ചിട്ടുണ്ട്.

ഞാനേറ്റവും വെറുത്തത്
ഗണിതത്തേയാണ്.
കണക്ക് തെറ്റിക്കുമ്പോളുണ്ടാകുന്ന
മൂർഛകൾ എനിക്കിഷ്ടമാണ്.

ശതകത്തിലെത്ര വരികളെന്നത്
എന്റെ വിഷയമല്ല.

വരൂ, കാണൂ,
വേദനയുടെയീ ദേഹപര്യടനം.

രണ്ടുവാക്കുകൾക്കിടയിലെ
ഇത്തിരിയിടത്തിൽ
ഒരു നിശാശലഭത്തിന്റെ ചിറകടി.

പൂർണ്ണവിരാമത്തിലേക്കെന്ന പോലെ
ഞാൻ എന്നിലേക്ക് ചുരുങ്ങുന്നു.

ആസന്നം!